ഷീ- ട്രീ .... പെൺമരം
വെയിൽ വീഴ്ത്താത്ത
ശിഖരങ്ങൾ വെട്ടി മാറ്റി
പതിയെ പതിയെ
പതുങ്ങി
വന്നപ്പോൾ....
ഇക്കണ്ട വിടവുകളും
ചെരിവുകളും
അപ്രിയമായിത്തോന്നിയതേയില്ല..
ഈ വരൾച്ചയിലും
ഈ തളർച്ചയിലും
ഇത്രയേറെ കുളിർമ്മയോടെ
ഇവ്വിധം ഊറ്റത്തിൽ
എനിക്ക് കയറുവാൻ
പാകത്തിൽ
വെട്ടിയൊതുക്കി
പൂ ചൂടി
പൂക്കാരിയായും
പൂവായും
പൂക്കാലമായും
ഒരു രോഗിയെപ്പോലെ
ക്ഷമയോടെ...
ഇങ്ങനെയിരുന്നും
കിടന്നും തരുന്നത്...?!
നീ തളിർക്കുമ്പോഴും
നീ കായ്ക്കുമ്പോഴും
ശിഖരമൂന്നപ്പിടിച്ച്
ഈയൊരൊറ്റ നിൽപ്പിൽ...
ഏറു കൊണ്ടപ്പോഴും
കൊളുത്തി വലിച്ചപ്പോഴും
നിന്നിലുണ്ടായ ബ്ലീഡിംഗ്
ആരോടും പറയാതെ
ഉണക്കിയെടുത്ത്...
വേനലിലെ വേർപ്പും
മഴയിലെ ഈർപ്പവും
ആവോളം ഗ്രസിച്ച്...
ഒരു കാറ്റിൽ
ഒരു ജന്മമുണ്ടെന്നറിയിച്ച്...
ഋതുക്കൾക്കൊപ്പം
പാടിയും ആടിയും
കരഞ്ഞും ചിരിച്ചും...
ഈ നിൽപ്...
ഈ നിൽപ്...
നിലത്തൂന്നിയുള്ള ഈ നിൽപ്...
കാലിനടിയിൽ
ഇത്രമാത്രം
ആഴമുണ്ടെന്നറിയിക്കാതെ...!
No comments:
Post a Comment