Thursday, 4 April 2019




പൊത്തുകൾ

രാത്രിയിൽ
ഓരോ പൊത്തുകളും
ജാഗ്രതയിലാണ്
ചിലതിൽ
പകലിൻ്റെ മുഴുവൻ
വെയിലും 
പൊള്ളിക്കിടക്കുന്നുണ്ടാകും

ചിലതിൽ
ഞെരക്കങ്ങളാണ്
മുഴുവനും;
കൈകാലുകളിൽ
പെട്ട വേദനകളുടെ.

ചിലതിൽ
കാണപ്പെടാത്ത
പൊട്ടുകൾ.

ചിതലരിച്ച
മണ്ണുതിന്നുന്ന
ഉറുസുലകളുടെ
മേൽക്കൂരകളാണ്
ചിലതിന്....!

ചിലതിൽ
ഒരേ കിടപ്പാണ് കിടപ്പുകൾ;
തിരിയണമെന്ന
മോഹമുണ്ടെങ്കിൽ കൂടിയും ...

കവാടങ്ങളില്ലാത്ത
വാതിലുകളില്ലാത്ത
മതിലുകളില്ലാത്ത
പൊത്തുകളെല്ലാം
രാത്രിയിൽ
ഭീതിയിലാണ്

പകലുകളെ തിന്നുന്ന
രാത്രികൾ
കവാടങ്ങളില്ലാത്ത
വാതിലുകളില്ലാത്ത
മതിലുകളില്ലാത്ത
പൊത്തുകളെ 
തേടുകയാണ്.

ഒരു പഞ്ചതന്ത്ര കഥകളും
പറയാനില്ലാതെ
പൊത്തുകൾ
രാത്രികളിൽ
കണ്ണുകളടച്ച് 
കിടക്കുകയാണ്;
ഉറങ്ങാതെ
ഉണരാൻ വേണ്ടി....!






Love and Regards