Wednesday, 21 March 2018

കവിതകൾ

കവികൾ(ക്ക്)

പറിച്ചെടുത്തു കുഴിച്ചു മൂടി;
വിത്തെന്നറിയാതെ..!

കോരിയെടുത്തൊഴിവാക്കി;
കടലെന്നറിയാതെ...!

വലിച്ചൂറ്റിക്കുടിച്ചു തീർത്തു;
ചോരയെന്നറിയാതെ..!

പിടിച്ചു വെച്ചു കെട്ടിയിട്ടു;
കാറ്റെന്നറിയാതെ...!

എണ്ണിയെണ്ണിത്തിട്ടപ്പെടുത്തി;
തിരയെന്നറിയാതെ..!

അടക്കിയടക്കിപ്പിടിച്ചിരുന്നു;
നിശ്വാസമെന്നറിയാതെ..!

ആഞ്ഞാഞ്ഞു വലിഞ്ഞു നടന്നു;
അതിരില്ലെന്നറിയാതെ...!

ഇനിയുമിതുതന്നെയാവർത്തിയെങ്കിൽ
അറിയാതെയെന്നാശ്വസിക്കുന്നു...!
ഷീ- ട്രീ  .... പെൺമരം


വെയിൽ വീഴ്ത്താത്ത
ശിഖരങ്ങൾ വെട്ടി മാറ്റി
പതിയെ പതിയെ
 പതുങ്ങി 
വന്നപ്പോൾ....
ഇക്കണ്ട വിടവുകളും
ചെരിവുകളും
അപ്രിയമായിത്തോന്നിയതേയില്ല..

ഈ വരൾച്ചയിലും
ഈ തളർച്ചയിലും
ഇത്രയേറെ കുളിർമ്മയോടെ
ഇവ്വിധം ഊറ്റത്തിൽ
എനിക്ക് കയറുവാൻ
പാകത്തിൽ
വെട്ടിയൊതുക്കി
പൂ ചൂടി
പൂക്കാരിയായും
പൂവായും
പൂക്കാലമായും
ഒരു രോഗിയെപ്പോലെ
ക്ഷമയോടെ...
ഇങ്ങനെയിരുന്നും
 കിടന്നും തരുന്നത്...?!

നീ തളിർക്കുമ്പോഴും
നീ കായ്ക്കുമ്പോഴും
ശിഖരമൂന്നപ്പിടിച്ച്
ഈയൊരൊറ്റ നിൽപ്പിൽ...

ഏറു കൊണ്ടപ്പോഴും
കൊളുത്തി വലിച്ചപ്പോഴും
നിന്നിലുണ്ടായ ബ്ലീഡിംഗ്
ആരോടും പറയാതെ
ഉണക്കിയെടുത്ത്...

വേനലിലെ വേർപ്പും
മഴയിലെ ഈർപ്പവും
ആവോളം ഗ്രസിച്ച്...
ഒരു കാറ്റിൽ 
ഒരു ജന്മമുണ്ടെന്നറിയിച്ച്...
ഋതുക്കൾക്കൊപ്പം
പാടിയും ആടിയും
കരഞ്ഞും ചിരിച്ചും...

ഈ നിൽപ്...
ഈ നിൽപ്...
നിലത്തൂന്നിയുള്ള ഈ നിൽപ്...
കാലിനടിയിൽ
ഇത്രമാത്രം
ആഴമുണ്ടെന്നറിയിക്കാതെ...!

ഞാൻ

ഞാൻ നിന്നോട്...!

എനിക്ക് നിന്നെ പ്രണയിക്കാം ശരി തന്നെ
നിന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങയുമാകാം
നിന്റെ ഞരമ്പുകളിലെ പ്രവാഹം
എനിക്കനുഭവിക്കാം
നിൻറെ ഹൃദയമിടിപ്പുകൾ എനിക്കു ശ്രവിക്കാം
ഇനി നീ എന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകണം
നിന്റെ നെഞ്ചിൽ നിന്നും എന്റെ കാലുകളിലൂടെ പടരുന്ന വിഷം ഏതാണ്?
എന്റെ കൈകളില് അമരുന്ന വാൾത്തലപ്പുകൾ ഏത് കൊടിയുടെയാജ്ഞയാണ്..?
ചെന പോകാത്തയെൻ  കുരുന്നുകളെ ഭക്ഷിച്ചവർക്കെങ്ങനെ വന്നു ദീനം?
ദീനം സുഖപ്പെടുത്തുന്നാശുപത്രിയെ ഏത് ഭിഷഗ്വരൻ ചികിത്സിക്കും..?
ഭിഷഗ്വരൻ നൽകുന്ന ഭേഷജത്തെയേതു -
സമാജം സുഖപ്പെടുത്തും..?
ഈ മരണ തുല്യ ജീവിതത്തേക്കാൾ
മൃത്യു തന്നെ യാനന്ദം..!
ഇനി
നിന്റെ കൈകളൊന്ന്
പതിയെ എൻ ഞരമ്പുകളിലൂടെയൊന്ന്
പായിക്കുക...
നിന്റെ മാറിൽ വീണ് നിന്നിലലിയുന്നതത്രെ 
നന്ന്..!
കായ്കനികളുണ്ടായപ്പോൾ കാരണവർ
നിങ്ങൾക്കു മുന്നിൽ തലകുനിച്ചു തന്നത്
ഫലങ്ങൾ പങ്കുവെക്കാനായിരുന്നു
തലയറുക്കാനുള്ള സമ്മതമായിരുന്നില്ലത്..!
ഈ അലിയൽ നിന്നോടുള്ള 
പ്രണയത്താലെന്നാശ്വാസത്തിൽ ...!





മുഹമ്മദ് ഷമീം.കെ. എം 
എടക്കര

9048 84 37 64





love 'n regards